Tuesday, March 1, 2011

വാഗ്‌ദാനം yes its വാഗ്‌ദാനം


'ഇന്നുമുതല്‍ മരണംവരെ സന്തോഷത്തിലും ദുഃഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും പരസ്‌പരസ്‌നേഹത്തോടും വിശ്വസ്‌തതയോടും കൂടെ ഏകമനസായി ജീവിച്ചുകൊളളാമെന്നു ഞങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നു. ' ക്രിസ്‌ത്യന്‍ വിവാഹത്തില്‍ വധൂവരന്‍മാര്‍ ബൈബിളില്‍ തൊട്ട്‌ എടുക്കുന്ന പ്രതിജ്‌ഞ. ജീവിതത്തില്‍ എത്രപേര്‍ക്ക്‌ സത്യസന്ധതയോടെ ഇത്‌ പാലിക്കാന്‍ സാധിക്കുന്നുണ്ടാവും? നിസാരപ്രശ്‌നങ്ങള്‍ക്ക്‌ വിവാഹമോചനത്തിന്‌ വാശിപിടിക്കുന്നവരുടെ നാട്ടില്‍ തോമസിന്റെയും ബീനയുടേയും ജീവിതം അദ്‌ഭുതമാണ്‌.

കൊച്ചി കടവന്ത്രയിലെ ഈരേത്ര വീട്ടില്‍, കുട്ടികളെപോലെ ഉച്ചത്തില്‍ സംസാരിക്കുന്ന ബീനചേച്ചിയെ കാണാം. അടുത്ത്‌ ക്ഷമയോടെ, ചേച്ചിയുടെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയുന്ന തോമസ്‌ ചേട്ടന്‍. വര്‍ഷങ്ങള്‍ക്കുമുമ്പേ രണ്ടായി പിരിഞ്ഞുപോയേക്കാമായിരുന്ന ജീവിതമാണ്‌ ഇന്നും ഇടതടവില്ലാത്ത പുഴപോലെ അനുസ്യൂതം ഒഴുകുന്നത്‌.വിവാഹസ്വപ്‌നങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണപ്പോഴും തോമസ്‌ ജീവിതത്തെ നിരാശയോടെ നോക്കി കണ്ടില്ല. രോഗബാധിതയായ ഭാര്യയെ കൂടുതല്‍ സ്‌നേഹത്തോടെ ഹ്യദയത്തോടു ചേര്‍ത്തുപിടിച്ചു.

ഇരുപത്തെട്ടു വര്‍ഷംമുന്‍പ്‌, സാധാരണ എല്ലാ ചെറുപ്പക്കാരെയുംപോലെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായാണ്‌ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ഉദ്യോഗസ്‌ഥനായ തോമസ്‌ ബിരുദധാരിയായ ബീനയെ വിവാഹം കഴിക്കുന്നത്‌. സന്തോഷം മാത്രമുളള മധുവിധു. പ്രതീക്ഷിച്ചതുപോലൊരു ജീവിതമാണല്ലോ കിട്ടിയത്‌ എന്നോര്‍ത്ത്‌ ദൈവത്തിനു നന്ദി പറഞ്ഞു. സന്തോഷം ദുഃഖമായി മാറാന്‍ അധികം വൈകിയില്ല.പെട്ടെന്നൊരു ദിവസം ഭാര്യ കൊച്ചുകുട്ടികളെപ്പോലെ പെരുമാറാന്‍ തുടങ്ങി. ജോലിയൊന്നും ചെയ്യാതെ, ഒരു ഏഴുവയസുകാരിയുടെ സംസാരവും പെരുമാറ്റവും. മാനസികരോഗമാണോയെന്ന്‌ ആരും സംശയിച്ചുപോവും.

കൊച്ചിയില്‍ ഒരു സൈക്യാട്രിസ്‌റ്റിന്റെ അടുത്തേയ്‌ക്കാണ്‌ ആദ്യം പോയത്‌. രണ്ടാഴ്‌ചയോളം കിടന്നു ചികിത്സിച്ചു. ഷോക്ക്‌ ചികിത്സ ഉള്‍പ്പെടെയുളള പരീക്ഷണങ്ങള്‍. അസുഖത്തിന്‌ ഒരു മാറ്റവുമില്ല. അന്ന്‌ അവിടെയുണ്ടായിരുന്ന ന്യൂറോ സര്‍ജനാണ്‌ ഇത്‌ മാനസികരോഗമായിരിക്കില്ല, തലച്ചോറിനുണ്ടാകുന്ന എന്തെങ്കിലും തകരാറായിരിക്കും എന്നു സംശയം പ്രകടിപ്പിച്ചത്‌. വെല്ലൂര്‍ മെഡിക്കല്‍ കോളേജിലേയ്‌ക്കായിരുന്നു അടുത്ത യാത്ര. ഒരു മാസത്തോളം ബോധമില്ലാതെ അവിടെ കിടന്നു. അവിടെ വച്ചാണ്‌ ബീനയുടെ അസുഖം തലച്ചോറിനെ ബാധിക്കുന്ന അത്യപൂര്‍വമായ 'മള്‍ട്ടിപ്പിള്‍ സ്‌കിറോസിസ്‌' ആണെന്നു തിരിച്ചറിയുന്നത്‌. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പുസ്‌തകതാളില്‍ മാത്രം കണ്ടു പരിചയമുളള അസുഖം. തലച്ചോറിലെ കോശങ്ങളെ ബാധിക്കുന്ന അസുഖം. ഏഴുവയസ്സുളള കുട്ടിയുടെ ബുദ്ധിനിലവാരമായി ബീനയ്‌ക്ക്. അസുഖത്തിനു ചികിത്സയുമില്ല. ബോധം തിരിച്ചുകിട്ടിയെങ്കിലും പഴയ ബീനയേ ആയിരുന്നില്ല.

തനിയെ വസ്‌ത്രം ധരിക്കാന്‍ അറിയില്ല. ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്‌. എല്ലാത്തിനും മറ്റൊരാളുടെ സഹായം വേണം. കൊച്ചുകുട്ടികളെ പരിചരിക്കുന്നതുപോലെ തോമസ്‌ ബീനയെ നോക്കി. ഇതിനിടെ ബീന ഗര്‍ഭം ധരിച്ചു. ബീന കഴിക്കുന്ന മരുന്നുകള്‍ കുഞ്ഞിനെ ബാധിക്കുമോയെന്നു സംശയം ഉണ്ടായിരുന്നെങ്കിലും, കുഞ്ഞിനെ വേണമെന്നായിരുന്നു തോമസിന്റെ തീരുമാനം.

യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമില്ലാതെ മിടുക്കനായ ഒരു ആണ്‍കുട്ടിയുണ്ടായി. പക്ഷേ കുഞ്ഞിനെ ശ്രദ്ധിക്കാനും പരിചരിക്കാനുമുളള കഴിവ്‌ ബീനയ്‌ക്കില്ലായിരുന്നു. അവരുടെ അമ്മയാണ്‌ കുഞ്ഞിനെ വളര്‍ത്തിയത്‌. ആദ്യം ഭാര്യയുടെ അസുഖത്തെ ക്ഷമയോടെ കണ്ടു പരിചരിച്ച തോമസ്‌ കുറച്ചു കഴിഞ്ഞപ്പോഴേയ്‌ക്കും നിരാശനായി തുടങ്ങി. മറ്റുളളവരുടെ സന്തോഷപൂര്‍ണ്ണമായ ദാമ്പത്യം കണ്ട ഈ യുവാവിനു സങ്കടം വന്നുതുടങ്ങി. ചിലരൊക്കെ, "വെറുതെ എന്തിനാണ്‌ ഇങ്ങനൊരു ഭാര്യ, ഉപേക്ഷിച്ചുകൂടെ?"എന്നു ചോദിച്ചുതുടങ്ങി. പല ഭാഗത്തുനിന്നും സമ്മര്‍ദ്ദമുണ്ടായി. ഭാര്യയെ കൊണ്ടുളള വിഷമതകള്‍ ഒരുവശത്ത്‌. ഉപേക്ഷിക്കണോ വേണ്ടയോ എന്ന തേങ്ങല്‍ മറ്റൊരു വശത്ത്‌. ദൈവത്തിലുളള വിശ്വാസം പോലും നഷ്‌ടപ്പെട്ട അവസ്‌ഥ. ആറുവര്‍ഷത്തോളം നിരാശയുടെ വക്കിലായ ജീവിതം.
ആദ്ധ്യാത്മികതയിലേയ്‌ക്കു തിരികെ 


ജീവിതത്തില്‍ എല്ലാം കൈവിട്ടുപോയെന്ന നിരാശയില്‍ ജീവിക്കുമ്പോഴാണ്‌ സുഹൃത്തായ വൈദികന്‍ തോമസിനെ ധ്യാനം കൂടാന്‍ നിര്‍ദ്ദേശിക്കുന്നത്‌. ധ്യാനത്തിന്റെ അഞ്ചു ദിവസങ്ങളില്‍ തോമസിന്റെ മനസ്‌ എല്ലാം കുറവുകളോടും കൂടി ഭാര്യയെ സ്‌നേഹിക്കാന്‍ പഠിക്കുകയായിരുന്നു. തനിക്കാണ്‌ അസുഖം വന്നതെങ്കില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമായിരുന്നില്ലല്ലോ?

ദൈവം തന്നെ ഏല്‌പ്പിച്ച ബീനയെ ഏതവസ്‌ഥയിലും ഉപേക്ഷിക്കാന്‍ പാടില്ല. മരണത്തിലൂടെ മാത്രമേ തങ്ങളെ വേര്‍പിരിക്കാന്‍ സാധിക്കൂ. ഭാരമായല്ല, സന്തോഷത്തോടും സംതൃപ്‌തിയോടും മാത്രമേ ഇനി ബീനയോടൊപ്പം ജീവിക്കൂ എന്നുളള ദൃഢപ്രതിജഞ്‌യിലാണ്‌ തോമസ്‌ ധ്യാനമന്ദിരത്തിന്റെ പടിയിറങ്ങിയത്‌. ഇന്നുവരെ ആ പ്രതിജ്‌ഞ തെറ്റിച്ചിട്ടുമില്ല. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വിവാഹമോ സല്‍ക്കാര വിരുന്നുകളോ എന്തുമാവട്ടെ ബീനയില്ലാതെ തോമസ്‌ എങ്ങുംപോവില്ല. ഭക്ഷണം കഴിപ്പിക്കാനും കുളിപ്പിക്കാനും വസ്‌ത്രം ധരിക്കാനും എല്ലാം കാര്യങ്ങള്‍ക്കും ബീനയ്‌ക്ക് മറ്റൊരാളുടെ സഹായം വേണം. എല്ലാത്തിനും തോമസ്‌ കൂടെയുണ്ടായിരുന്നു. കുട്ടികളെപ്പോലെ കൊഞ്ചിയും പിണങ്ങിയും വാശിപിടിച്ചും ബീന തോമസിന്‌ ഒപ്പമുണ്ടായിരുന്നു. ജീവിതപങ്കാളിക്ക്‌ ചെറിയൊരു കുറവുണ്ടായാല്‍ അതോര്‍ത്ത്‌ നിരാശപ്പെടുന്നവര്‍ ചുറ്റുമുളളപ്പോഴാണ്‌ സന്തോഷത്തോടെ ഇവര്‍ ജീവിക്കുന്നത്‌.

''സുഹൃത്തുക്കള്‍, "നിന്നെയോര്‍ത്തു അഭിമാനം തോന്നുന്നു" എന്നു പറയാറുണ്ട്‌. ആദ്യകാലത്ത്‌ എന്നോടു ഭാര്യയെ ഉപേക്ഷിക്കാന്‍ പറഞ്ഞവര്‍ "അങ്ങനെ ചെയ്യാതിരുന്നതു നന്നായി" എന്നാണു പറഞ്ഞത്‌. ഞാന്‍ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇന്നുളള സന്തോഷം എനിക്കുണ്ടാകുമായിരുന്നില്ല. എന്നും കുറ്റ ബോധത്തോടെ മാത്രമേ ജീവിക്കാന്‍ സാധിക്കുമായിരുന്നുളളൂ. ബീനയുടെ പിന്തുണയാണ്‌ എനിക്കു കരുത്ത്‌ നല്‌കുന്നത്‌. ബീന രോഗാവസ്‌ഥയില്‍ ഒരിക്കലും സങ്കടപ്പെടുന്നില്ല. മറ്റുളളവര്‍ തനിക്കുവേണ്ടി കഷ്‌ടപ്പെടുന്നല്ലോയെന്നോര്‍ത്ത്‌ ബീനയ്‌ക്കു വിഷമമില്ല. എപ്പോഴും സന്തോഷമാണ്‌. ചിരിക്കുന്ന മുഖത്തോടെ മാത്രമേ ബീനയെ കാണാന്‍ സാധിക്കൂ. ഓര്‍മ്മകള്‍ പലതും ബീനയില്‍ നിന്നു നഷ്‌ടപ്പെട്ടുപോയി. ഇംഗ്ലീഷ്‌ അക്ഷരങ്ങളൊന്നും ഓര്‍മ്മയില്ല. ഡോക്‌ടര്‍മാര്‍ക്ക്‌ തന്നെ അതിശയമാണ്‌ ഇപ്പോഴും ഇത്ര ആക്‌ടീവായി ജീവിച്ചിരിക്കുന്നത്‌്.'' ഭാര്യയുടെ അടുത്തിരുന്ന്‌ തോമസ്‌ പറയുന്നു.

ഒരിക്കല്‍ ശാലോം ടെലിവിഷനില്‍ ഞങ്ങളെക്കുറിച്ചൊരു പ്രോഗ്രാം വന്നു. അതു കണ്ടിട്ട്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള ആളുകള്‍ എന്നെ വിളിച്ചു. കൂടുതല്‍ ആളുകളും അഭിനന്ദിക്കാനാണു വിളിച്ചത്‌.നിസാര കാര്യങ്ങള്‍ക്കുവേണ്ടി വാശിപിടിച്ച്‌ പിണങ്ങിയിരിക്കുന്നവര്‍ ഞങ്ങളുടെ പരിപാടി കണ്ട്‌ പരസ്‌പരം കൂടുതല്‍ സ്‌നേഹിക്കാന്‍ തുടങ്ങിയെന്നാണ്‌ പറഞ്ഞത്‌. പക്ഷേ ഒരാളുടെ പ്രതികരണം എന്നെ അതിശയപ്പെടുത്തി. അയാള്‍ വിളിച്ചിട്ടു ഭാര്യയെ ഒന്ന്‌ ഉപദേശിക്കണം. വിവാഹമോചനം നല്‌കാനെന്ന്‌. അതു കേട്ടപ്പോള്‍ ശരിക്കും വിഷമം തോന്നി. അയാള്‍ ആ പ്രോഗ്രാം കണ്ടിട്ട്‌ അങ്ങനെയാണല്ലോ മനസ്സിലാക്കിയത്‌ എന്നോര്‍ത്ത്‌. നാലുവര്‍ഷമായി ബീന തളര്‍ന്നു കിടക്കുകയാണ്‌. നിരന്തരമായ മരുന്നുകഴിച്ച്‌ സന്ധികള്‍ക്കുളളില്‍ കാല്‍സ്യം അടിഞ്ഞുകൂടി കാലുകള്‍ക്കും കൈകള്‍ക്കും തളര്‍ച്ച ബാധിച്ചു.

തനിയെ എഴുന്നേറ്റിരിക്കാന്‍പോലും സാധിക്കില്ല. ഈ അവസ്‌ഥയിലും ബീന നന്നായി സംസാരിക്കുകയും ഓഫീസിലെ വിശേഷങ്ങളൊക്കെ ചോദിച്ചറിയുകയും ചെയ്യും. സങ്കടമില്ലേ എന്നു ചോദിക്കുന്നവരുണ്ട്‌. ആകെയൊരു ജീവിതമേയുളളൂ .അത്‌ ഇങ്ങനെയായി തീര്‍ന്നില്ലേ എന്നു പറയുന്നവരോട്‌ എനിക്കു പറയാനുളളത്‌ ദൈവം ഓരോരുത്തരുടേയും ജീവിതം എങ്ങനെയായി തീരുമെന്ന്‌ നേരത്തേ നിശ്‌ചയിച്ചിട്ടുണ്ട്‌. അതില്‍ ഒരാള്‍ക്കും മാറ്റം വരുത്താന്‍ സാധിക്കില്ലെന്നു വിശ്വസിക്കുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനാണ്‌.മോന്‍ ടോണി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ തന്നെ അപ്രന്റീസായി ജോലി ചെയ്യുന്നു. നാലുമാസം മാത്രമാണ്‌ ഒരു സാധാരണ വിവാഹജീവിതം നയിക്കാന്‍ ഞങ്ങള്‍ക്ക്‌ സാധിച്ചത്‌. ആദ്യത്തെ നാലുമാസം ബീനയ്‌ക്ക് പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നതു കൊണ്ട്‌ വിവാഹത്തിനുമുന്‍പ്‌ അസുഖമില്ലാതിരുന്നെന്നു മനസിലായി. അല്ലെങ്കില്‍ അസുഖമുണ്ടെന്നുളള കാര്യം വീട്ടുകാര്‍ മറച്ചുവെച്ചതായി തോന്നിയേനെ. ദൈവം തന്നത്‌ എല്ലാം നന്മയ്‌ക്കാ യാണ്‌ എന്നു വിചാരിച്ചാല്‍ നിരാശയും സങ്കടങ്ങളും ഒന്നുമുണ്ടാവില്ല. "

ഇരുപത്തഞ്ചു വര്‍ഷമായി ഒരു ചായ പോലും ഉണ്ടാക്കിതരാത്ത ഭാര്യയോടൊത്ത്‌ സന്തോഷമായി കഴിയുന്ന തോമസ്‌ചേട്ടന്റെ ജീവിതം പലര്‍ക്കും ഒരു പാഠമാണ്‌. ബീനചേച്ചി ഉച്ചത്തില്‍ പാട്ടുപാടുമ്പോള്‍ അടുത്ത്‌ താളം പിടിച്ച്‌ തോമസ്‌ ചേട്ടന്‍ തൊട്ടരികിലുണ്ട്‌. ബീന തോമസ്‌ ചേട്ടന്റെ കൈകളില്‍ മുറുകെ പിടിച്ചിരിക്കുന്നു.ഈ കൈകളില്‍ താന്‍ സുരക്ഷിതയാണെന്ന്‌ അവര്‍ക്കറിയാമല്ലോ.

No comments:

Post a Comment